ഓർമ പുതുക്കലുകൾ ഒപ്പം കലാമേളയും
തിരുവാതിരയുടെ പരിശീലനത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .10 മണിക്ക് അവനിജ ആർട്സ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം ആണെന്ന് രാവിലെ വാട്സപ്പ് ഗ്രൂപ്പിലെ മെസേജ് കണ്ടപ്പോഴാണ് അറിഞ്ഞത് .അതിഥികൾ ആരെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി .അതിഥികളിലൊരാൾ എൻ്റെ പ്രിയ അധ്യാപകരിൽ ഒരാളും മലയാളത്തിൻ്റെ പ്രിയ കവിയുമായ മുരുകൻ കാട്ടാക്കട സാറും മറ്റൊരാൾ സിനിമ താരമായ ജീവൻ ഗോപാലും ആണ് .ഉദ്ഘാടനം തുടങ്ങുന്നതും കാത്തിരുന്നു .11.30 നാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് ആരായിരിക്കണം ഒരധ്യാപകൻ ആരാകാൻ പാടില്ല എന്നതും ഒരധ്യാപകൻ എങ്ങനെ കുട്ടികൾ ഓർമിക്കപ്പെടുന്ന ആളാകാം എന്നതും കവിതയിലൂടെയും ചിന്തകൾ പങ്കുവെച്ചതു വഴിയും മുരുകൻ സാർ ഉദ്ഘാടന പ്രസംഗത്തിലൂടെ വ്യക്തമാക്കി .തുടർന്ന് രേണുകയും കണ്ണടയും തുടങ്ങി വിവിധ കവിതകളും സാർ രചിച്ച വിവിധ സിനിമാ ഗാനങ്ങളും ആലപിച്ചു സാർ .എൻ്റെ പ്ലസ് വൺ ,പ്ലസ് ടു ക്ലാസിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു മുരുകൻ സാർ .ജീവൻ വേണുഗോപാൽ ഒട്ടും കുറച്ചില്ല വി.മധുസൂദനൻ സാറിൻ്റെ ഇരുളിൻ മഹാനിദ്രയിൽ എന്നു തുടങ്ങുന്ന കവി വളരെ മനോഹരമായി ആലപച്ചു. ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മുരുകൻ സാറിനെ കണ്ട് സംസാരിക്കുന്നതിനായി ഞാൻ ഹാളിനു പുറത്തേക്ക് പോയി .തിരക്കിനിടയിലും എന്നെ തിരിച്ചറിഞ്ഞ സാർ ഞാൻ പഠിപ്പിച്ച എൻ്റെ മകളാണ് എന്ന് ചുറ്റും നിന്നവരെ പരിചയപ്പെടുത്തുകയും എൻ്റെ പുസ്തകം പ്രകാശനം ചെയ്തിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .ഞാൻ അറിഞ്ഞുകൊണ്ട് മറന്നിരുന്ന കവിത എഴുതിയ കാലഘട്ടത്തിലേക്ക് സാറിൻ്റെ വാക്കുകൾ എന്നെ കൂട്ടികൊണ്ടു പോയി. ജീവിതത്തിലെ അസുലഭ നിമിഷങ്ങളിൽ ഒന്നു തന്നെയായിരുന്നു അത് .മികച്ച അധ്യാപിക ആകുക എന്നതുപോലെ തന്നെ മികച്ച അധ്യാപകരെ കിട്ടുന്നതും അവർ നമ്മെ വീണ്ടും ഓർത്തിരിക്കുന്നു എന്നത് വലിയ ഭാഗ്യങ്ങളിലൊന്നുതന്നെയാണ് .ഡിഗ്രിക്ക് മലയാളം പഠിക്കണമെന്ന് തിരുമാനിച്ചപ്പോൾ മലയാളം പഠിക്കാൻ ഭാഗ്യം കൂടി വേണമെന്ന് പറഞ്ഞ് കൂടെ നിന്ന അദ്ധ്യാപകനായിരുന്നു മുരുകൻ സാർ .ഓർമകളിൽ പിന്നെയും പലതും ഇന്നിൽ എന്നതുപോലെ കടന്നു വരുന്നു .ഉച്ചക്ക് ശേഷം വിവിധ മത്സരങ്ങളുടെ തിരക്കിനിടയിലും തിരുവാതിരയുടെ പരിശീലനം തുടർന്നു .നാളെ കലയുടെ ബാക്കി പൂരത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു .
Super
ReplyDelete